ബുദ്ധൻ
ഹൈദരാബാദിലെ ശിൽപരാമത്തിലാണ് ആദ്യമായി ആ ബുദ്ധ പ്രതിമയെ ഞാൻ കാണുന്നത്.ബുദ്ധനും ബുദ്ധന്റെ ആശയങ്ങളും എനിക്ക് ചെറുപ്പം മുതൽ പ്രിയമുള്ളതായിരുന്നതിനാൽ, ബുദ്ധ പ്രതിമകളും,ചിത്രങ്ങളും സദാ ഞങ്ങളുടെ വീടിൻ്റെ സ്വീകരണമുറിയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, ഈ ബുദ്ധ പ്രതിമ മറ്റുള്ളവയെ പോലെ ആയിരുന്നില്ല.ഈ പ്രതിമക്ക് നീണ്ട വശ്യമായ മൂക്കും,നിറഞ്ഞ ചുണ്ടുകളും,ആഴ്ന്നിറങ്ങുന്ന നോട്ടമുള്ള കണ്ണുകളും ഉണ്ടായിരുന്നു.അതിനെ കണ്ട മാത്രയിൽ തന്നെ,ശ്യാമിൻ്റെ മുഖ ഛായ ഉള്ളതായി എനിക്ക് തോന്നി.അക്കാരണത്താൽ തന്നെ വളരെയധികം വിലപേശാതെ ഞാൻ അത് വാങ്ങി . ഞാൻ ഗർഭിണിയായിരുന്ന കാലഘട്ടമായിരുന്നു അത്.അല്പസ്വല്പം അസ്വസ്ഥതകൾ ഉള്ളതിനാൽ ഞാൻ മിക്കദിവസവും ഓഫീസിൽ പോകാറുണ്ടായിരുന്നില്ല.ആ ദിവസങ്ങളിൽ ശ്യാം രാവിലെ ജോലിക്കു പോയാൽ ഇരുട്ടിയ ശേഷമേ വരികയുള്ളു.പകൽ നേരം മുഴുവൻ ഞാൻ തനിച്ചായിരിക്കും. എൻ്റെ ഏകാന്തതയിൽ ആ ബുദ്ധ ശില്പമെന്നെ അത്യന്തം ആകർഷിച്ചു കൊണ്ടിരുന്നു.അത് തുടച്ചു മിനുക്കി, എന്റെ മരത്തിന്റെ പുസ്തക അലമാരയുടെ ഒത്ത നടുവിൽ ഞാൻ പ്രതിഷ്ഠിച്ചു. അതിനെ നോക്കി കിടക്കുമ്പോൾ എൻ്റെ ആത്‌മാവ് ആ ബ...