അമ്മുഗുഡയിലെ പ്രേതം
പ്രേതത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ,ഇല്ല എന്നേ ഞാൻ പറയൂ .കാരണം ,കാണാൻ കഴിയാത്ത ഒന്ന് വിശ്വസിക്കുവാൻ ഇപ്പോഴും പ്രയാസമാണ്.അനുഭവങ്ങൾ നിരവധിയാണ്,പക്ഷെ,ഉപബോധ മനസ്സിന്റെ വിക്രിയ ആയിട്ടേ എൻറെ യുക്ത്യനുസൃതമായ മനസ്സ് അതിനെ അംഗീകരിച്ചിട്ടുള്ളു.
അങ്ങനെയുള്ള നിരവധി അനുഭവങ്ങളിലൊന്നാണ് അമ്മുഗുഡയിലെ പ്രേതം .
ഹൈദരബാദിൽ ഞങ്ങൾ മിക്കവാറും വേരുറപ്പിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച കാലത്താണ്,നഗരത്തിൽ നിന്നും ദൂരെയായി , അമ്മുഗുഡ എന്ന സ്ഥലത്തു ഫ്ലാറ്റ് വാങ്ങിച്ചത്.ഫ്ലാറ്റിൻറെ ഒരു വശത്തു തുറസ്സായ സ്ഥലവും,വരാന്തയുടെ എതിർ വശത്തായി ഒരു വലിയ വീടും( ആ ഭാഗത്തെ ഒരേ ഒരു വീട്) , മറ്റു വശങ്ങളിൽ റോഡും വേറൊരു കെട്ടിടവും ആയിരുന്നു.
തുറസ്സായി കിടന്നിരുന്ന പറമ്പിൻറെ ഏകദേശം വലത്തെ അറ്റത്തായി ,കുറച്ചു ദൂരത്തു, ഒരു ശ്‌മശാനം സ്ഥിതി ചെയ്തിരുന്നു.ഈ ശ്മശാനവും, ആ വീടും അവിടെ താമസിക്കാൻ തുടങ്ങിയ നാളുകൾ തൊട്ടെ എൻറെ മനസിനെ നിരന്തരം ഒരു കാരണവുമില്ലാതെ അലട്ടിയിരുന്നു.
ആ വീട്ടിൽ നിന്ന് ഇടയ്ക്കിടയ്ക്കു ഒരു സ്ത്രീയുടെ നിലവിളി രാത്രിയും പകലും കേൾക്കാറുണ്ടായിരുന്നു.അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടെ ഭ്രാന്തിയായ ഒരു സ്ത്രീയെ ചങ്ങലക്കിട്ടിരുന്നു എന്നാണ് .
എൻറെ ഭർത്താവിന് അക്കാലത്തു രാത്രികാലങ്ങളിലും ഓഫീസ് ജോലി ചെയ്യേണ്ടതായി വന്നിരുന്നു.അർദ്ധരാത്രിയിൽ നായ്ക്കൾ ഒരു പ്രത്യേക സ്വരത്തിൽ ഓളിയിടാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, സത്യാവസ്ഥ അറിയുവാനായി ഞാനും ഉണർന്നിരുന്നിട്ടുണ്ട്.അത് കേൾക്കുമ്പോൾ എൻറെ മനസ്സിൽ വിവിധ തരത്തിലുള്ള ഭ്രാന്തമായ ചിന്തകൾ ഉടലെടുത്തിരുന്നു .പക്ഷെ ഒരിക്കൽ പോലും ഞാനും എൻറെ ഭർത്താവും വരാന്തയുടെ വാതിൽ തുറന്നു ആ സമയത്തു പുറത്തേക്കു നോക്കിയിട്ടില്ല.
നായ്ക്കളുടെ ഓളിയും ഭ്രാന്തിയായ സ്ത്രീയുടെ കരച്ചിലും ആ ഒറ്റപെട്ടവീടും തമ്മിൽ എന്തൊക്കെയോ ബന്ധമുണ്ടെന്ന് എൻറെ യുക്തിഹീനമായ മനസ്സ് വിശ്വസിച്ചു.
ഒരിക്കൽ എൻറെ കൊച്ചഛൻ ഞങ്ങളെ സന്ദർശിക്കാൻ വന്നപ്പോൾ,അദ്ദേഹത്തോട് ഞാൻ ഇക്കാര്യം സൂചിപ്പിച്ചു.ഇത്തരം കാര്യങ്ങളിൽ സ്വതവേ തത്പരനായിരുന്ന ഇദ്ദേഹം, അന്ന് രാത്രിയിൽ ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്ന് ആവശ്യപ്പെട്ടു.അതിനു വേണ്ടി വളരെ ദൂരം വരെ വെളിച്ചം എത്തുന്ന ടോർച്ചും സംഘടിപ്പിച്ചു ഞങ്ങൾ നായ്ക്കളുടെ ഓളിയിടൽ കേൾക്കാനായി കാതോർത്തിരുന്നു.
അങ്ങനെ ഏകദേശം സമയം പന്ത്രണ്ടിനോടടുക്കാറായപ്പോൾ, നായ്ക്കൾ കൂട്ടത്തോടെ ഓളിയിടാൻ തുടങ്ങി.മറ്റുള്ള ദിവസങ്ങളിൽ കേട്ടതിനേക്കാൾ കൂടുതൽ ഭീതിജനകമായിരുന്നു അത്.
വെട്ടമെല്ലാം അണച്ച് ഞങ്ങൾ എല്ലാവരും വരാന്തയിൽ എത്തി ശബ്ദം കേട്ട ഭാഗത്തേക്ക് ടോർച്ച അടിച്ചു നോക്കി.അവിടെ കണ്ട കാഴ്ച ഞങ്ങളെ എല്ലാവരെയും കുറെ നേരം ഭീതിയിലാഴ്ത്തിക്കളഞ്ഞു.അതിങ്ങനെയാണ്,
ആ വീടിന്റെ മുൻപിലും തുറസ്സായ പറമ്പിന്റെ വശങ്ങളി ലുമായി ഏഴോ എട്ടോ നായ്ക്കൾ അണിനിരന്നു ഒരേ ദിശയിലേക്കു അവരുടെ തല വെട്ടിച്ചു കൊണ്ട് ഓളിയിടുന്നു .നായ്ക്കളെല്ലാം തന്നെ എന്തിനെയോ നോക്കികൊണ്ടാണ് ഓളിയിടുന്നതെന്നു ഞങ്ങൾക്ക് മനസ്സിലായി. പൊടുന്നനെ എല്ലാ നായ്ക്കളും ഒരേ സമയം ഓളിയിടൽ നിർത്തി ശ്മശാനത്തിൻറെ ദിശയിലേക്കു തിരിഞ്ഞു ജീവനില്ലാത്ത പോലെ നിലത്തു കിടന്നു.ഞങ്ങൾ ടോർച്ച ആ ഭാഗത്തേക്കെല്ലാം തെളിച്ചു നോക്കി,പക്ഷെ ഒന്നിനെയും, ആരെയും കണ്ടില്ല....
ഏറെ നേരത്തെ നിശബ്ദദതക്കു ശേഷം ഞങ്ങൾ അവിടെ നിന്നും അകത്തേക്ക് പോയി.
എൻറെ യുക്തിക്കു പക്ഷെ ഇതിനൊരുത്തരവും നൽകാനായില്ല.ഒരു കാര്യം വ്യക്തമാണ് ,ഇതെൻറെ ഭാവനയല്ല .ഞാൻ,എൻറെ ഭർത്താവ്,കൊച്ചഛൻ ,ചിറ്റ എന്നിവരെല്ലാവരും തന്നെ ഈ കാഴ്ച കണ്ടതാണ്.
ഇന്നും എനിക്കറിയില്ല, ഞങ്ങളുടെ നഗ്ന നേത്രങ്ങൾക്കു കാണാൻ കഴിയാത്ത എന്താണ് ആ നായ്ക്കൾ കണ്ടതെന്ന്?എന്തിനാണ് അവർ ഒരേ ദിശയിലേക്കു തല തിരിച്ചു കൊണ്ട് ഓളിയിടുകയും പെട്ടന്നു ശ്മശാനത്തിന്റെ ദിശയിലേക്കു നോക്കി കിടക്കുകയും ചെയ്തതെന്ന്?
ഒരു പക്ഷെ,ഇതിൻറെ ഉത്തരം എൻറെ മരണ ശേഷം കിട്ടുമായിരിക്കും . അല്ലെ?
എൻറെ ആത്‌മാവും, രാത്രി സഞ്ചാരം നടത്തുമ്പോൾ ഏതെങ്കിലും വീടിൻറെ വരാന്തയിൽ ഇത് പോലെ ആരെങ്കിലും ടോർച്ച തെളിച്ചു നോക്കുമായിരിക്കും!!!
നന്നായിട്ടുണ്ട് കുട്ടി..
മറുപടിഇല്ലാതാക്കൂനല്ല ഭാവന... ഇഷ്ടായി
മറുപടിഇല്ലാതാക്കൂ