അച്ഛൻറെ പുരികം
അച്ഛൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ടില്ല .അന്നെനിക്ക് പന്ത്രണ്ടു വയസ്സാണ്.ബന്ധുക്കളെല്ലാം എന്നെ വളരെ വിദഗ്ധമായി കരയിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.പക്ഷെ ഞാൻ കരഞ്ഞതേയില്ല . എൻറെ അടുത്തിരുന്ന ഏതോ ഒരു ബന്ധു എന്നോട് പറഞ്ഞു," മോളെ, വിഷമം ഉള്ളിൽ ഒതുക്കിവയ്ക്കാതെ ഒച്ച വച്ച് കരഞ്ഞോളു , മോളുടെ അച്ഛനല്ലേ മരിച്ചത്, കരഞ്ഞോളു ". അവരോടു ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ ആലോചിച്ചു, എനിക്ക് കരച്ചിൽ വരാത്തത് കൊണ്ടല്ലേ ഞാൻ കരയാഞ്ഞത് എന്ന്. അമ്മയെ അവിടെയെങ്ങും കണ്ടില്ല.എൻറെ ചേച്ചി അലമുറയിട്ടു കരയുന്നുണ്ടായിരുന്നു.ഞാൻ മിണ്ടാതെയായപ്പോൾ,ഇതേ ബന്ധു തന്നെ അവളുടെ അടുത്ത് ,"മോളെ,ഇങ്ങനെ ഒച്ച വച്ച് കരയല്ലേ, സമാധാനിക്കൂ" എന്ന് പറയുന്നുണ്ടായിരുന്നു. അവർ ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞപ്പോൾ ഞാൻ അവരെ പരിഹാസത്തോടെ നോക്കി. ആശുപ്ത്രിയിൽ നിന്നും അച്ഛൻറെ മൃതശരീരം അച്ഛൻറെ തറവാട്ടിലേക്കാണ് എത്തിച്ചത്.അവിടെയും ബന്ധുക്കൾ എന്നോട് കരയുവാനും എൻറെ സഹോദരിയോട് കരച്ചിലടക്കുവാനും പറഞ്ഞു കൊണ്ടേയിരുന്നു. അച്ഛൻ മരിച്ചത് വൈകിട്ടായതിനാൽ ശവദാഹം അടുത്ത ദിവസത്തേക്കാക്കിയിരുന്നു.അച്ഛൻറെ പ...