അച്ഛൻറെ പുരികം
അച്ഛൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ടില്ല .അന്നെനിക്ക് പന്ത്രണ്ടു വയസ്സാണ്.ബന്ധുക്കളെല്ലാം എന്നെ വളരെ വിദഗ്ധമായി കരയിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.പക്ഷെ ഞാൻ കരഞ്ഞതേയില്ല .
എൻറെ അടുത്തിരുന്ന ഏതോ ഒരു ബന്ധു എന്നോട് പറഞ്ഞു," മോളെ, വിഷമം ഉള്ളിൽ ഒതുക്കിവയ്ക്കാതെ ഒച്ച വച്ച് കരഞ്ഞോളു , മോളുടെ അച്ഛനല്ലേ മരിച്ചത്, കരഞ്ഞോളു ". അവരോടു ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ ആലോചിച്ചു, എനിക്ക് കരച്ചിൽ വരാത്തത് കൊണ്ടല്ലേ ഞാൻ കരയാഞ്ഞത് എന്ന്.
അമ്മയെ അവിടെയെങ്ങും കണ്ടില്ല.എൻറെ ചേച്ചി അലമുറയിട്ടു കരയുന്നുണ്ടായിരുന്നു.ഞാൻ മിണ്ടാതെയായപ്പോൾ,ഇതേ ബന്ധു തന്നെ അവളുടെ അടുത്ത് ,"മോളെ,ഇങ്ങനെ ഒച്ച വച്ച് കരയല്ലേ, സമാധാനിക്കൂ" എന്ന് പറയുന്നുണ്ടായിരുന്നു. അവർ ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞപ്പോൾ ഞാൻ അവരെ പരിഹാസത്തോടെ നോക്കി.
ആശുപ്ത്രിയിൽ നിന്നും അച്ഛൻറെ മൃതശരീരം അച്ഛൻറെ തറവാട്ടിലേക്കാണ് എത്തിച്ചത്.അവിടെയും ബന്ധുക്കൾ എന്നോട് കരയുവാനും എൻറെ സഹോദരിയോട് കരച്ചിലടക്കുവാനും പറഞ്ഞു കൊണ്ടേയിരുന്നു.
അച്ഛൻ മരിച്ചത് വൈകിട്ടായതിനാൽ ശവദാഹം അടുത്ത ദിവസത്തേക്കാക്കിയിരുന്നു.അച്ഛൻറെ പ്രാണൻ വെടിഞ്ഞ ശരീരം,തറവാട്ടിലെ ഒരു മുറിയിൽ വെള്ള തുണി കൊണ്ട് മൂടി വച്ചിരുന്നു.രാത്രിയിലെപ്പോഴോ അച്ഛൻറെ മൃതദേഹം വച്ചിരുന്ന മുറിയിലേക്ക് എന്നെ കരയിപ്പിക്കുവാൻ വേണ്ടി ആരൊക്കെയോ ചേർന്നു കൊണ്ട് പോയി.
ആ മുറിയിൽ നാല് വശത്തുമായി തേങ്ങയിൽ തിരി തെളിച്ചു വച്ചിരുന്നു.ആ വെളിച്ചത്തിൽ ഞാൻ അച്ഛൻറെ മുഖത്തേക്ക് നോക്കിയപ്പോൾ, അച്ഛൻറെ പുരികം കണ്ടില്ല .
എൻറെ അടുത്തിരുന്ന ബന്ധുവിനോട് ഞാൻ ചോദിച്ചു,"അച്ഛൻറെ പുരികം എവിടെ പോയി?". ദുഃഖം സഹിക്കാനാവാതെ ഞാൻ ഭ്രാന്തു പുലമ്പുകയാണെന്നവർ തെറ്റിദ്ധരിച്ചു.തുടർന്നും എന്നെ ആശ്വസിപ്പിക്കാൻ അവർ വിഫലശ്രമം നടത്തിക്കൊണ്ടേയിരുന്നു .
എനിക്ക് സമനില തെറ്റിയതാണെന്നു അവിടെയുള്ളവർ കരുതി. മരണം ഒരു സത്യം ആണെന്നും, അത് മനസ്സിലാക്കാനുള്ള മനഃശക്തിയും വിവേകവും എനിക്കുണ്ടാകുമെന്നു അവിടെയുള്ള ആർക്കും തോന്നിയില്ല.
അച്ഛൻറെ മുഖത്ത് പുരികത്തിൻറെ അഭാവം എന്നെ വല്ലാതെ അലട്ടി.ഇനി അച്ഛൻറെ പുരികത്തിലായിരുന്നോ അച്ഛൻറെ ജീവൻ? അവിടെ കൂടിയിരുന്നവർക്കാർക്കും ഇത് ഒരു പ്രശ്നമായി തോന്നാത്തതെന്താണെന്നു ഞാൻ ചിന്തിച്ചു.
വർഷങ്ങൾ കടന്നു പോയപ്പോൾ ഇക്കാര്യവും ഞാൻ മറന്നു പോയി. ഇന്നലെ അച്ഛൻറെ മരണത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചപ്പോഴാണ് ഇതു വീണ്ടും ഓര്മ വന്നത് .
ഇപ്പോഴും എൻറെ മനസ്സിൽ ആ മുഖം മായാതെ കിടക്കുന്നുണ്ട്. അച്ഛൻറെ പ്രാണൻ വെടിഞ്ഞ, പുരികമില്ലാത്ത മുഖം!
deeply touching aanu….pinne oru karyam...no of hits to this blog manasilakkan pattum...ethra visits undayi ennu...
മറുപടിഇല്ലാതാക്കൂAmazing dear..really touching
മറുപടിഇല്ലാതാക്കൂ